2017 നവംബർ 22, ബുധനാഴ്‌ച

അയ്യന്റെ അത്ഭുതങ്ങൾ !

ഇതിൽ, അയ്യനുമുണ്ട്, അയ്യപ്പനുമുണ്ട് ; അയ്യനെന്നത് അയ്യപ്പൻറെ വിളിപ്പേരും കൂടിയാണ്. പറഞ്ഞു വരുന്നത് അയ്യനും അയ്യപ്പനും പരസ്പരം മാറിപ്പോവാതിരിക്കാൻ വേണ്ടി മാത്രം ഒരാമുഖം...
നോട്ടുനിരോധനം കഴിഞ്ഞുള്ള തൊട്ടടുത്ത വര്ഷം.
ചന്നംപിന്നം ചാറുന്ന മഴയിൽ മി & മിസ്സിസ് മലകയറി. സത്യം പറയണമല്ലോ മിസ്സിസ് അന്പത്തിരണ്ടിലും ചെറുപ്പമായിരുന്നു അതേപോലെ  സുന്ദരിയുമായിരുന്നു. അതിനാൽ പമ്പ ടു സന്നിധാനം , എല്ലാ ചെക്ക് പോയന്റിലും മേടത്തെ തീഷ്ണ ദൃഷ്ടിയോടെ തന്നെ ചുമതലപ്പെട്ടവർ വാച്ച് ചെയ്യുന്നുണ്ടായിരുന്നു [ആദ്യത്തെ ചെക്ക്  പോയന്റിൽ തന്നെ മേടത്തെ തടഞ്ഞു പരിശോധിച്ചെങ്കിലും, കൈവശം കരുതിയിരുന്ന ആധാർ കാർഡ് ചെക്ക് ചെയ്തതോടു കൂടി അധികൃതർക്ക് പ്രായം ബോധ്യപ്പെട്ടു.]
സന്നിധാനം:
മഴയായതുകൊണ്ടാവാം തിക്കും തിരക്കും സ്വതേ കുറവ് .
ഫ്‌ളൈ ഓവർ കടന്നു നടക്കുമുന്നിലെത്തിയ മിസ്സിസിനൊരു ആശങ്ക, ആകുലത...അതെ, അതുതന്നെ !  മിസ്റ്ററിനോട് വന്നുപറ്റിയ വിപത്തിനെ പറ്റി ബോധിപ്പിച്ചു. അദ്ദേഹം അന്ധാളിച്ചു !!!
"എങ്കിലും ഇതെങ്ങനെ ? അതുമിപ്പോൾ ?"- മിസ്സിസ് കൈമലർത്തി.
മി: "എത്രയും പെട്ടെന്നിറങ്ങണം"
മിസ്സിസ്: "ഇതിന്റെ ബുദ്ധിമുട്ട് നിങ്ങക്ക് മനസ്സിലാവില്ല. പെട്ടന്ന് അടുത്ത ലോഡ്ജ് നോക്കണം, എവിടുന്നേലും കുറച്ച് വെള്ള മുണ്ടും; വൃത്തിയുള്ളത്."
തൊട്ടടുത്ത് ഹൈമാസ്റ്റ് ടവറിന്റെ ഓരത്തുനിന്ന്, ഇതെല്ലാം കണ്ടുകൊണ്ടു നിന്ന അയ്യപ്പൻ അവർക്കടുക്കലേക്കെത്തി.
"എന്താ പ്രശ്‍നം ?"
അവരുടെ മുഖത്തുനിന്നും എന്തോ ഭയാനക പ്രശ്നമാണെന്ന് അയ്യപ്പനൂഹിച്ചു. പതിയിൽനിന്നും കാര്യം ഗ്രഹിച്ച അയ്യപ്പൻറെ മുഖം കണ്ടപ്പോൾ ഇതൊരു ഭീഭത്സ പ്രശ്നമാണെന്ന് മിസ്സിസിനു മനസ്സിലായി.
മിസ്റ്റർ: "അയ്യപ്പൻ സഹായിക്കണം"
അയ്യപ്പൻ സഹായിച്ചു, അയ്യപ്പനേ സഹായത്തിനുള്ളതായിരുന്നു. അയ്യൻ അകത്തല്ലേ  !
മിസ്റ്ററിന്റെയും മിസ്സിസിന്റെയും കഥ ഇവിടെ തീരുന്നു.
സംഭവശേഷം അയ്യപ്പന് എന്തെന്നില്ലാത്ത പശ്ചാത്താപം. ബി.പി. കുറയുന്നോ എന്നും ഒരു സംശയം.
അയ്യപ്പൻ, കീഴനെയും മേലനെയും എല്ലാം കണ്ട് കാര്യം ധരിപ്പിക്കുന്നു. അറിഞ്ഞവർ ഓരോരുത്തരായി സ്തംഭിച്ചു. പിന്നെ ഒന്നിച്ചിരുന്നു വീണ്ടും സ്തംഭിച്ചു. ഫോൺ, വയർലെസ്സ്, വിവിധ മെസ്സേജിങ് ആപ്പ്ലിക്കേഷനുകൾ...എല്ലാം വിഷയത്തിൽ സ്തംഭിച്ചുകൊണ്ടിരുന്നു. അടിയന്തിര മീറ്റിങ്ങുകൾ, കുശുകുശുപ്പുകൾ, ആശങ്കകൾ...
"ശുദ്ധികലശം", "ദേവപ്രശ്‍നം". ഈ രണ്ടുകാര്യങ്ങളിലേക്ക് കാര്യങ്ങൾ വന്നു. അനുബന്ധമായി സ്‌പെഷ്യൽ ദോഷപരിഹാരപൂജയും.
കഥാനായകൻ അയ്യപ്പൻ,ബോർഡിലെ ഒരു പ്രധാനിയാണ്. പെട്ടന്ന് അദ്ദേഹത്തിന് ഒരു ചിന്ത തോന്നി, സമക്ഷത്തിൽ അവതരിപ്പിച്ചു.
"എന്തുകൊണ്ടിത് അയ്യന്റെ അത്ഭുത പ്രവർത്തിയാണ് എന്ന് പുറംലോകത്തെ അറിയിച്ചുകൂടാ ?"
[മീൻ മുള്ളിൽ രൂപമില്ലാത്ത ദൈവത്തിന്റെ പേരെഴുതിയെന്നതും . കണ്ണിൽക്കൂടി ചോര വരുത്തുന്ന ലേഡി ദൈവം ഇടക്ക് കരയുന്നുവെന്നും ആ ഹൈ മാസ്ററ് ലാമ്പ് ടവറിന്റെ അടിയിൽ നിന്നപ്പോൾ ഫേസ്‌ബുക്കിൽ കണ്ടത് പെട്ടെന്നോർത്തു പ്രതിവതിച്ചതാണ്]
മകരവിളക്ക് സ്വയമേ കത്തുന്നതല്ലായെന്നും, ഭക്തർ തിക്കിലും തിരക്കിലും മരിച്ചിട്ടുള്ളതിന് അയ്യന് പേരുദോഷമുള്ളതിനാലും, അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങൾ പൊതുജനത്തിന് അറിവുള്ളതിനാലും എക്സ് 'മേലി'ന്റെ കൊച്ചുമകന്റെ പെങ്ങള്ടെ മോന്റെ കൂടി സാന്നിധ്യത്തിൽ അതുറപ്പിച്ചു, അയ്യപ്പന് പ്രശംസയും.
കൃതാർത്ഥനായി അയ്യപ്പന്റെ കണ്ണുകൾഈറനണിഞ്ഞു.
രാവിലെ പള്ളിയുണർത്തി, പല്ലുതേച്ച് കട്ടൻ പോലും അകത്താക്കുന്നതിനു മുന്നേ പത്രസമ്മേളനം.
"അയ്യൻ നടയിൽ അത്ഭുതം പ്രവർത്തിച്ചിരിക്കുന്നു, ആർത്തവവിരാമം സംഭവിച്ച സ്ത്രീയെ വീണ്ടും രജസ്വലയാക്കി മഹാത്ഭുതം പ്രവർത്തിച്ചിരിക്കുന്നു. എങ്കിലും, സന്നിധാനത്തെ നിയമങ്ങൾ മാറ്റമില്ലാതെ തുടരും.
"സ്വാമിയേ..."
മാളികപ്പുറം പിന്നെയും തേങ്ങി.
"ചാമിയേ..."
"എന്താപ്പാ "
"ചിരുതേ കണ്ടീനാ  ?"
തൊട്ടടുത്ത ആദിവാസി ഇടത്തുനിന്നും കറുപ്പൻ, മകൻ ചാമിയോട് അവന്റമ്മ ചിരുതയെവിടെ എന്ന് ചോദിച്ചതാണ് [ആദി മനുഷ്യർക്ക് ഇവിടെ പ്രസക്തിയില്ല, അതുകൊണ്ട് നീട്ടുന്നില്ല]
പി. എസ് :
നമ്പ്ര ൧.
മിസ്റ്ററും മിസ്സിസും രണ്ടുകുട്ടികൾ ആയപ്പോഴേ നാം രണ്ട് നമുക്ക് രണ്ടെന്നു തീരുമാനിച്ചതാണ്, സ്റ്റെറിലൈസേഷൻ ചെയ്തിട്ടില്ലന്നേയുള്ളൂ. ഇനിയിപ്പോ അവർക്ക് ഈ അത്ഭുതം കൊണ്ട് നേടാൻ പ്രത്യേകിച്ചൊന്നുമില്ല.
നമ്പ്ര ൨.
തങ്ങളുടെ പേരോ വിവരമോ പ്രസിദ്ധപ്പെടുത്തരുതെന്നു മിസ്റ്റർ & മിസ്സിസ് പ്രത്യേകം പറഞ്ഞിരുന്നു, കാരണം ഇനി വല്ല തീണ്ടാരിത്തുണി ബുക്ക് ചെയ്യാൻ ഭക്തജനങ്ങൾ ക്യൂ നിന്നാൽ അവരുടെ വ്യക്തിസ്വകാര്യത നഷ്ടപ്പെടുമല്ലോ എന്നാലോചിച്ചാണ്.
"Health Minister K.K. Shylaja visited sabarimala accompanied by Health Mission Engineer, she suspect aged under 50."
22 Nov 2017